ബാഡ്മിന്‍റൺ കോർട്ടിൽ മാത്രമല്ല പോർ വിമാനം പറത്തിയും താരമായിരിക്കുകയാണ് പി വി സിന്ധു. ബംഗ്ലൂരുവിൽ നടക്കുന്ന എയ്‍റോ ഇന്ത്യ എയർഷോയുടെ ഭാഗമായാണ് പി വി സിന്ധു വിമാനം പറത്തി വിസ്മയമായത്. എയ്‍റോ ഇന്ത്യ 2019 ൽ വനിതാ ദിനത്തിന്‍റെ ഭാഗമായാണ് പി വി സിന്ധു വിമാനം പറത്തിയത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ചെറു യുദ്ധ വിമാനമായ തേജസിന്‍റെ സഹ പൈലറ്‍റായാണ് സിന്ധു വിമാനം പറത്തിയത്. ഇതോടെ, തേജസ് പോർ വിമാനം പറത്തുന്ന പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളുമായി പി വി സിന്ധു. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ തേജസിലേറുന്ന ആദ്യ വനിതയായി മാറുകയും ചെയ്തു പി വി സിന്ധു.
വെള്ളിയാഴ്ച രാത്രിയോടെയാണ് സിന്ധു തേജസിൽ കയറുമെന്ന് ഔദ്യോഗിക വിവരം പുറത്ത് വന്നത്.കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിൻ റാവത്ത് തേജസ്സ് മാർക്ക്-1 വിമാനത്തിൽ പൈലറ്റായി പറന്നിരുന്നു.വിദൂര മിസൈൽ ശേഷി, പറക്കുന്നതിനിടെ ഇന്ധനം നിറക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് തേജസിന്‍റെ പ്രത്യേകത. വനതാ ദിനാചരണത്തിന്‍റെ ഭാഗമായി മൂന്ന് വനിതാ ഫൈറ്‍റർ പൈലറ്‍റുമാരും വിമാനം പറത്തി.