ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് കീഴില്‍ ബിജെപി- ജെഡിയു സഖ്യം മത്സരിക്കുമെന്ന് അമിത് ഷാ. ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടെന്ന ആരോപണങ്ങള്‍ ഉണ്ടായതോടെയാണ് സഖ്യത്തെക്കുറിച്ച് അമിത് ഷായുടെ പ്രതികരണം. ന്യൂസ്18ന് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിജെപി- ജെഡിയു സഖ്യം തകര്‍ക്കാനാവാത്തതാണെന്നും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴില്‍ സഖ്യമായാണെന്നുമാണ് അമിത് ഷാ വ്യക്തമാക്കിയത്. ഇത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ തലത്തില്‍ ജെഡിയുവും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ബിഹാറില്‍ നിലവിലെ മുഖ്യമന്ത്രിക്ക് കീഴിലും തിരഞ്ഞെടുപ്പിനെ നേരിടും. ബിജെപി- ജെഡിയു സഖ്യത്തില്‍ കലഹമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സഖ്യത്തില്‍ കലഹങ്ങള്‍ സാധാരണമാണ്, ഇത് ആരോഗ്യപരമായ സഖ്യത്തിന്റെ അളവുകോലാണ്. അഭിപ്രായത്തിലെ വ്യത്യാസങ്ങള്‍ ഹൃദയത്തിലെ വ്യത്യാസങ്ങളായി വിലയിരുത്തപ്പെടില്ലെന്നും അമിത് ഷാ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
രണ്ടാം മോദി സര്‍ക്കാരില്‍ ജെഡിയുവിന് ഒരു മന്ത്രി സ്ഥാനം വാഗ്ധാനം ചെയ്തതോടെയാണ് സഖ്യത്തിനുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാരിനൊപ്പം ചേരാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത് വ്യാപകമായി സഖ്യത്തിനുള്ളിലെ പകയും പ്രതികാരവുമായി വിലയിരുത്തപ്പെടുകയായിരുന്നു. പിന്നീട് ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ച നിതീഷ് കുമാര്‍ കൂടുതല്‍ ജെഡിയു നേതാക്കളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് നടത്തിയ ഇഫ്താര്‍ പാര്‍ട്ടികളില്‍ നിന്ന് ഇരു പാര്‍ട്ടികളും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
