ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശരവണ ഭവന് സ്ഥാപക ഉടമ പി. രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി. മദ്രാസ് സെയ്ദാപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. ആംബുലന്‍സില്‍ ഓക്സിജന്‍ മാസ്ക് ധരിച്ചാണ് ഇയാള്‍ കീഴടങ്ങാനെത്തിയത്.
കീഴടങ്ങാനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് രാജഗോപാല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കീഴടങ്ങാനുള്ള തീയതി നീട്ടി നല്‍കണമെന്ന് ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് അസുഖമുണ്ടെങ്കില്‍, അപ്പീല്‍ കേള്‍ക്കുന്നതിനിടെ ഒരു ദിവസം പോലും രോഗത്തെപ്പറ്റി സൂചിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റീസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചിരുന്നു. ജീവപര്യന്തം തടവിന് വിധിച്ച രാജഗോപാലിന് പോലീസില്‍ കീഴടങ്ങാന്‍ സുപ്രീംകോടതി ജൂലൈ ഏഴ് വരെ സമയം അനുവദിച്ചിരുന്നു. ഈ സമയപരിധി നീട്ടി നല്‍കണമെന്നാണ് ഇയാള്‍ കോടതിയോട് ആവശഅയപ്പെട്ടത്.
2001ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. രാജഗോപാലിന്റെ ജോലിക്കാരില്‍ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനായാണ് ഇയാള്‍ പ്രിന്‍സ് ശാന്തകുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ജ്യോതിഷിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവിവാഹിതയായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചത്.
ഇതിനിടെ ജീവജ്യോതി പ്രിന്‍സ് ശാന്തകുമാറുമായി അടുപ്പത്തിലാകുകയും ഇവര്‍ വിവാഹിതരാവുകയും ചെയ്തു. ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് ദമ്ബതികള്‍ ചെന്നൈയില്‍ നിന്ന് മാറി താമസിക്കാന്‍ പദ്ധതിയിട്ടെങ്കിലും രാജഗോപാലിന്റെ ആളുകള്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.കേസില്‍ 2004ല്‍ സെഷന്‍സ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2009ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, മദ്രാസ് ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന് അമേരിക്ക, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ ഔലെറ്റുകള്‍ ഉണ്ട്. ഇന്ത്യയില്‍ മാത്രം അവര്‍ക്ക് 25 ഔട്ട്ലെറ്റുകളാണ് ഉള്ളത്.
WhatsApp us