ഗോരക്പൂർ: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രതിവർഷം 6000 രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് തുടക്കമായി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യം കാത്തിരുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു കോടിയോളം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള തെളിവാണ് ഈ പദ്ധതിയെന്നും പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാജ്യത്തെ 12 കോടിയിലേറെ വരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. ആകെ 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഞായറാഴ്ച തന്നെ ആദ്യഗഢു ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.
