കൊച്ചി: എതിരാളികളെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ സിദ്ധാന്തം തള്ളിക്കളയണമെന്ന് ഹൈക്കോടതി. ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ സിപിഎം പ്രവര്‍ത്തകരായ പ്രതികളുട ജാമ്യാപേക്ഷ തള്ളികൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. ഹീനമായ രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത നടപടി വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ആകാശ് തില്ലങ്കേരി, ടി കെ അസ്‌കര്‍, കെ അഖില്‍, സിഎസ് ദീപ് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഷുഹൈബിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും, പ്രൊഫഷണല്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നും കോടതി പറഞ്ഞു. ഇത്തരം ഗൗരവകരമായ കുറ്റം ചെയ്ത പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രി കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്‍ വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സിപിഎം സംരക്ഷിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
