കാസർകോട്: കാസറകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും കൊലപാതകത്തിലെ പ്രധാന ആസൂത്രകനായ സി.പി.എം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ അറസ്റ്റിൽ. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പീതാംബരനിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും കൃത്യം നിർവ്വഹിച്ച പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസൻ പറഞ്ഞു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ കൂടി പോലീസിന്‍റെ കസ്റ്റഡിയിൽ ഉണ്ട്. 3 പേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർ പുറത്ത് നിന്നെത്തിയവരാണെന്നാണ് സൂചന. പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഒരു മഹിന്ദ്ര സൈലോ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ കാസറകോട് റജിസ്ട്രേഷനിലുള്ളതാണ്.
അതിനിടെ, അറസ്റ്റിലായ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടന്ന ഇരട്ട കൊലപാതകം സിപിഎമ്മിന് വലിയ തലവേദനയായിട്ടുണ്ട്.