സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപത് മണിയോടെയാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങുക. ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് മാസം മാത്രം അകലെയായതിനാൽ ഒട്ടേറെ ക്ഷേമപദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെയെങ്കിലും വികസന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മദ്യം, ഇന്ധനം, സ്റ്റാമ്പ്, ഡ്യൂട്ടി എന്നിവയിൽ വർദ്ധനവ് ഉണ്ടാകില്ലെങ്കിലും ഇന്ധനവിലക്കയറ്റമുണ്ടായ കാലത്ത് സംസ്ഥാനം കുറച്ച ഒരു രൂപ നികുതി പുനഃസ്ഥാപിച്ചേക്കും.
ജിഎസ്ടി നടപ്പാക്കിയതിനാൽ ബജറ്റിൽ നികുതി ഉയർത്താനോ കുറയ്ക്കാനോ കഴിയില്ല. എന്നാൽ 1% പ്രളയ സെസ് ഏർപ്പെടുത്താൻ അനുമതി ലഭിച്ചതിനാൽ ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക സെസ് ഏർപ്പെടുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സാധാരണയായി സെസ് ചുമത്തുന്നത് നികുതിക്ക് മേലാണെങ്കിൽ പ്രളയ സെസ് ചുമത്തുക അടിസ്ഥാന വിലയ്ക്കുമേലാകുമെന്ന് ജിഎസ്ടി വൃത്തങ്ങൾ സൂചന നൽകി. തെരഞ്ഞെടുപ്പ് അടുത്തതിനാൽ നിത്യോപയോഗം സാധനങ്ങളുടെ മേൽ അധികസെസ് ചുമത്തില്ല എന്നാണ് സൂചന. പകരം, ആഡംബര ഉൽപ്പന്നങ്ങളുടെ ഗണത്തിൽ പെടുന്ന കാർ, എയർകണ്ടീഷനർ, റെഫ്രിജറേറ്റർ, ടി.വി, സിമെന്‍റ്, സിഗരറ്റ് തുടങ്ങിയവയുടെ വിലയ്ക്കുമേൽ സെസ് ഏർപ്പെടുത്തിയേക്കും.
