കേന്ദ്ര ബജറ്റ് നാളെ; കർഷക സൗഹൃദ ബജറ്റ് പ്രതീക്ഷയിൽ
പ്രഥമ നരേന്ദ്രമാദി സർക്കാരിന്‍റെ കാലത്തെ അവസാന പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്‍റ് സമ്മേളനത്തിന് തുടക്കമാകുക.നാളെയാണ് ബജറ്‍റ് അവതരണം.
രാവിലെ 11 ന് പാർലമെന്‍റിന്‍റെ ഇരുസഭകളെയും സംയുക്തമായി രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെയാകും ബജറ്‍റ് സമ്മേളനത്തിന് തുടക്കമാകുക. തെരഞ്ഞെടുപ്പായതിനാൽ ഇടക്കാല ബജറ്‍റായിരിക്കും അവതരിപ്പിക്കുകെയെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അരുൺ ജെയ്‍റ്‍റ്‍ലി ചികിത്സയിലായതിനാൽ ധനവകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയലായിരിക്കും ബജറ്‍റ് അവതരിപ്പിക്കുക.
കർഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കുക എന്ന സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തുടർപ്രഖ്യാപനങ്ങളും പ്രതീക്ഷയിലുണ്ട്. ആദായനികുതി പരിധി വർദ്ധിപ്പിച്ചേ ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിനിടെ റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടും പാർലമെന്‍റിൽ എത്തും. പതിനാറാം ലോക് സഭയുടെ അവസാന സമ്മേളനത്തിന് മുന്നോടിയായി സ്‍പീക്കർ സുമിത്രാ മഹാജൻ സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. സമ്മേളനത്തിന്‍റെ നടത്തിപ്പ് സുഗമമാകാൻ എല്ലാ അംഗങ്ങളുടെയും സഹകരണം സ്‍പീക്കർ ആവശ്യപ്പെട്ടു.
