ഡല്‍ഹി: ഭീകരവാദത്തെ തുരത്താൻ ഇന്ത്യയ്ക്ക് ഉപാധിരഹിത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ ഡോ. റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനംചെയ്ത് രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യയും ഇസ്രയേലും മാത്രമല്ല, ലോകം മുഴുവന്‍ നേരിടുന്ന വിപത്താണ് ഭീകരവാദമെന്ന് ഇസ്രയേല്‍ സ്ഥാനപതി പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭീകരവാദം നേരിടുന്നതില്‍ ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന്‍ തയ്യാറാണ്. വിലപ്പെട്ട സുഹൃത്തായ ഇന്ത്യയെ സഹായിക്കേണ്ടതുണ്ട്. ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്നോട് പറഞ്ഞുവെന്നും മാല്‍ക്കെ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തെ ഇസ്രായേൽ ശക്തമായി അപലപിച്ചിരുന്നു.
