ഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫ്രാൻസ് ഐക്യാരാഷ്ട്ര സഭയില്‍ അവതരിപ്പിക്കും. ഫ്രഞ്ച് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് കൊടും ഭീകരനായ മസൂദ് അസറിനെതിരായ നീക്കം വീണ്ടും സജീവമാകുന്നത്.
ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാകുന്നത്. 2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. വീറ്റൊ പവർ ഉപയോഗിച്ച് ചൈനയാണ് അന്ന് അത് തടഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്കകം ഫ്രാന്‍സ് വീണ്ടും അതേ ആവശ്യവുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നീക്കത്തെ ചൈന പ്രതിരോധിക്കുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാകാത്തിനാലാണ് മസൂദ് അസറിനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.