അയോദ്ധ്യക്കേസില്‍ അന്തിമ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥലത്ത് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി . 153 കേന്ദ്ര സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട് .
നടപ്പാതകളും , തര്‍ക്കമന്ദിര പരിസരവും കനത്ത സൈനിക വലയത്തിലാണ് . സംസ്ഥാന സായുധ പോലീസ് സേന, സിആര്‍പിഎഫിന്റെ ദ്രുത കര്‍മ്മ സേന , ഉത്തര്‍പ്രദേശ് പോലീസ് എന്നിവയുള്‍പ്പെടെയുള്ളവരുടെ നിരീക്ഷണത്തിലാണ് അയോദ്ധ്യയും പരിസരവും .
അയല്‍ ജില്ലകളിലേക്ക് ഗതാഗതം വഴിതിരിച്ചുവിടാന്‍ നിരവധി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട് . കൂടാതെ, വിധി വരുന്ന ദിവസം ദേശീയപാതയില്‍ സഞ്ചരിക്കുന്ന വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിര്‍ത്തിവയ്ക്കും .
രഹസ്യാന്വേഷണ വിഭാഗങ്ങള്‍ , ഭീകര വിരുദ്ധ സ്ക്വാഡുകള്‍ എന്നിവയും അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട് .ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും . ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ താല്‍ക്കാലിക ജയിലുകള്‍ അടക്കം ക്രമീകരിച്ചിട്ടുണ്ട് . മൂന്ന് ഭാഗങ്ങളായി സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം .
ഈ മാസം 15 ന് സുരക്ഷാ വിഭാഗങ്ങളെ വിന്യസിച്ചതിനു പിന്നാലെ നവംബര്‍ 1 ഓടെ കൂടുതല്‍ സേനയെ അയോദ്ധ്യയിലെത്തിക്കും . വിധി പ്രസ്താവിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് അയോദ്ധ്യയുടെ നിയന്ത്രണം പൂര്‍ണ്ണമായും സൈന്യത്തിന്റെ കൈകളിലാകും . അയോദ്ധ്യ രാമജന്മ ഭൂമി അടക്കമുള്ള പ്രദേശത്തെ അതീവ ജാഗ്രത വേണ്ട റെഡ് സോണ്‍ പ്രദേശമായാണ് പരിഗണിക്കുന്നത് .
അയോദ്ധ്യ കാമ്ബസ് മുഴുവന്‍ യെല്ലോ സോണിലാണ് ഉള്‍പ്പെടുന്നത് . ക്ഷേത്രങ്ങള്‍, ധര്‍മ്മശാല, ഹോട്ടലുകള്‍, ഘട്ടുകള്‍, വീടുകള്‍ എന്നിവ ഈ മേഖലയില്‍ വരുന്നു, ഇവിടെയും സുരക്ഷ ഉണ്ടാകും .
അയോദ്ധ്യയുടെ പ്രാന്തപ്രദേശങ്ങള്‍ ബ്ലൂ സോണിലാണ് വരിക . അതില്‍ പഴയ ഫൈസാബാദ് നഗരവും ഉള്‍പ്പെടും . അംബേദ്കരനഗര്‍, ബരബങ്കി, ബസ്തി, ഗോണ്ട, സുല്‍ത്താന്‍പൂര്‍ എന്നിവയാണ് ഗ്രീന്‍ സോണില്‍ വരിക .
