ശ്രീനഗറിന്റെ നഗരഹൃദയത്തിലാണ്, കശ്മീരിലെ പ്രധാന പത്രങ്ങളുടെയെല്ലാം ഓഫീസുള്ള പ്രസ് കോളനി. ഒരുവശത്ത് ശാന്തമായൊഴുകുന്ന ഝലം നദി. ലാല്‍ചൗക്ക്, ഖണ്ഡാ ഘര്‍ തുടങ്ങി പ്രധാന നഗരചത്വരങ്ങളും തൊട്ടടുത്തുതന്നെ. വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും പൗരാവകാശ സംഘടനകളുടെയും മറ്റും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പലപ്പോഴും വേദിയാകാറുള്ളത് ലാല്‍ ചൗക്കും പ്രസ് കോളനിയുമാണ്.
രണ്ടാം ദിവസം ആദ്യംപോയത് പ്രസ് കോളനിയിലേക്കാണ്. താമസസ്ഥലമായ ഹംഹമയില്നിന്നുള്ള യാത്രയിലും തലേന്നത്തെ കാഴ്ചകള്‍ ആവര്‍ത്തിച്ചു. അടഞ്ഞുകിടക്കുന്ന കടകളും ശൂന്യമായ റോഡുകളും. നഗരമധ്യത്തോടടുക്കുംതോറും സേനാ സാന്നിധ്യം ഏറിവന്നു. കവചിത വാഹനങ്ങളില്‍ പരിസരവീക്ഷണം നടത്തി സായുധസേന. ബാരിക്കേഡുകളുടെ എണ്ണവും പെരുകി. പ്രശ്നസാധ്യതാ മേഖലകളിലേക്കുള്ള റോഡുകള്‍ മുള്ക്കമ്ബികളിട്ട് അടച്ചിരിക്കുന്നു.
പ്രസ് കോളനിയിലെ ഓഫീസുകള്‍ അധികവും അടഞ്ഞുകിടന്നു. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് തുറന്നിട്ടുണ്ട്. കേരളത്തില്‍ നിന്നാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആരെങ്കിലുമുണ്ടെങ്കില്‍ കാണാന്‍ താല്‍പ്പര്യമുണ്ടെന്നും റിസപ്ഷനില്‍ അറിയിച്ചു. ബ്യൂറോയിലെ ചെറുപ്പക്കാരനായ റിപ്പോര്‍ട്ടറെയാണ് കാണാനായത്. പേര് പരാമര്‍ശിക്കരുതെന്ന ഉറപ്പില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങി, ‘താഴ്വരയില് എല്ലാവരും ഭീതിയിലാണ്. പ്രത്യേകിച്ചും മാധ്യമ പ്രവര്‍ത്തകര്‍. രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അറസ്റ്റിലായി. അടുത്ത ഊഴം മാധ്യമ പ്രവര്ത്തകരുടേതാകാം. പലരും നേരത്തെതന്നെ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളികളാണ്’.
‘ദിവസങ്ങളായി തുടരുന്ന ഹര്‍ത്താലിന് സമാനമായ അവസ്ഥ പത്രങ്ങളെ തളര്‍ത്തി. പരസ്യം ലഭിക്കുന്നില്ല. നെറ്റും ഫോണുമില്ലാത്തതിനാല്‍ വാര്‍ത്ത ശേഖരിക്കല്‍ ഏറെ ബുദ്ധിമുട്ടായി. പ്രസുകളിലേക്ക് ഓണ്‍ലൈനായി പേജുകള്‍ അയച്ചുകൊടുക്കാനാകുന്നില്ല. നേരിട്ട് എത്തിക്കേണ്ട സ്ഥിതി. വിതരണവും താറുമാറായി. 18-20 പേജുകളുമായി ഇറങ്ങിയിരുന്ന ‘ഗ്രേറ്റര്‍ കശ്മീരി’നിപ്പോള്‍ 10-12 പേജുകള്‍!. ഇപ്പോഴിത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ രീതിയില്‍ എത്രനാള്‍ മുന്നോട്ടുപോകാനാകുമെന്ന് അറിയില്ല. ഇംഗ്ലീഷ് പത്രമായ റൈസിങ് കശ്മീരും ഉറുദു പത്രങ്ങളായ ഡെയ്ലി അഫ്താബും തമീല്‍ ഇര്‍ഷാദും മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്.
കശ്മീര്‍ ഉസ്മ, ശ്രീനഗര്‍ ടൈംസ്, കശ്മീര്‍ റീഡര്‍, കശ്മീര്‍ ഒബ്സര്‍വര്‍, കശ്മീര്‍ ഇമേജസ് തുടങ്ങിയവ ദിവസങ്ങളായി അച്ചടിനിര്‍ത്തി. കശ്മീര്‍ ടൈംസിന്റെ ശ്രീനഗര്‍ പതിപ്പും ഇറങ്ങുന്നില്ല. പ്രാദേശിക ചാനലുകളുടെ അവസ്ഥയും സമാനം. ഗുലിസ്താന്, ഇടിവി ഉറുദു ചാനലുകള്‍ക്ക് സംപ്രേക്ഷണാനുമതി നിഷേധിച്ചു. ദേശീയ ചാനലുകള്‍ മാത്രമാണുള്ളത്. അവരാകട്ടെ താഴ്വരയെക്കുറിച്ച് ശരിയായ ചിത്രമല്ല നല്‍കുന്നതും’- യുവറിപ്പോര്ട്ടര് പറഞ്ഞുനിര്‍ത്തി. പേര് പരാമര്ശിക്കരുതേയെന്ന് വീണ്ടും. ഇല്ലെന്ന് ചിരിയോടെ ആ മുഖത്തേക്ക് നോക്കുമ്ബോള്‍ ആരെയോ ഭയക്കുന്ന, സംശയിക്കുന്ന ഭാവം. കേരളത്തില്‍ നിന്നെത്തിയ തന്നെ ആ മനുഷ്യന് സംശയിക്കുന്നുവോ എന്ന് തോന്നി. ആ സംശയം കശ്മീരിന്റെയാകെയാണ്, ഇന്ത്യയോടുള്ള സംശയം.
WhatsApp us