ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സിനിമാ തീയറ്റർ ശൃംഘലയായ സിനിപൊളിസ് ബഹ്റൈനിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. സാറിൽ നിർമ്മിച്ച സിനിപൊളിസിൻറെ അത്യാധുനിക തീയേറ്റർ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിൻസ് അതോരിറ്റി സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സിനിപൊളിസിൻറെ ഗൾഫ് മേഖലയിലെ ആദ്യ സിനിമാ പ്രദർശന ശാലയാണ് ഇത്.
ബഹ്റൈനെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാക്കാൻ നിരവധി സുപ്രധാന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ് ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ.
ബഹ്റൈൻ വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റവും ശ്രദ്ധേയ മുതൽക്കൂട്ടാവും സിനിപൊളിസെന്ന് ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ ഉദ്ഘാടനവേളയിൽ പറഞ്ഞു.
16 രാജ്യങ്ങളിലായി 5,707 സിനിമാ പ്രദർശന ശാലകൾ ഉള്ള സിനിപൊളിസിന് കീഴിൽ 704 സിനിമാ കമ്പനികളുണ്ട്. വിനോദ, പ്രദർശന വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച സിനിപൊളിസിന് 338 മില്യൻ പ്രേക്ഷകരുണ്ട്. ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി സിനിപൊളിസ് ഗ്ളോബലും അൽ തായർ ഗ്രൂപ്പും ചേർന്ന് സിനിപൊളിസ് ഗൾഫ് എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകിയിട്ടുണ്ട്. ബഹ്റൈന് പിന്നാലെ ഒമാൻ, യു.എ.ഇ, സൌദി അറേബ്യ എന്നിവിടങ്ങളിലേക്കും സിനിപൊളിസ് ചുവടുവയ്പ്പു നടത്തും.
ഉദ്ഘാടന ചടങ്ങിൽ ഹിസ് ഹൈനസ് ക്രൌൺ പ്രിൻസ് കോർട്ടിൻറെ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ ദായിജ് അൽ ഖലീഫ, അംബാസഡർമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങി നിരവധി പ്രമുഖരും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു.
International News Desk, Bahrain
Mr.Sisel Panayil Soman, COO – Middle East