അധികാരത്തിനുവേണ്ടി അഴിമതിവച്ചുപൊറുപ്പിക്കില്ല, കേരളത്തിലും ബിജെപി ചുവടുറപ്പിക്കും : അമിത് ഷാ
ഡൽഹി: അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും അധികാരത്തിനായി അഴിമതി വച്ച് പൊറുപ്പിക്കില്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാജ്യത്തിന് പുതിയൊരു ദിശാബോധം നൽകിയ ബിജെപി ജനകീയനായ നരേന്ദ്രമോദിയുടെ കീഴിൽ 2019 തിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. 2019ന് ശേഷം കേരളത്തിലും ബിജെപി ചുവടുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരേ സന്ധിയില്ലാ പോരാട്ടം
അഴിമതിക്കെതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അഴിമതി ഇടപാടുകൾ ഗണ്യമായി കുറഞ്ഞു. പണ ഇടപാടുകളിൽ വരുത്തിയ നിയന്ത്രണവും നോട്ട് നിരോധനവും ഇക്കാര്യത്തിൽ നിർണായക പങ്ക വഹിച്ചു. കറൺസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് അഴിമതിക്ക് തടയിടുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കറ പുരളാത്ത സർക്കാരാണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹത്തിനോളം ജനകീയനായ മറ്റൊരു നേതാവ് ഇന്ന് ഇന്ത്യയിൽ ഇല്ലെന്നും അമിത് ഷാ പറഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടം നരേന്ദ്ര മോദിയെ കൂടുതൽ കരുത്തനാക്കി. സർക്കാരിനെതിരേ സത്യവിരുദ്ധമായ ആരോപണങ്ങൾ നടത്തുന്ന രാഹുൽ ഗാന്ധിക്ക് തെളിവുകൾ നിരത്താൽ കഴിയുന്നില്ല. ഇതിൽ നിന്നും ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാവുന്നതാണ്.
രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ പ്രശ്നങ്ങളെ അതീവ ജാഗ്രതയോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ മുറവിളി കൂട്ടുന്നവർ രാജ്യസുരക്ഷ നേരിട്ടേക്കാവുന്ന വെല്ലുവിളി കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർജ്ജിക്കൽ സ്ട്രൈക്കിന്‍റെ കാര്യത്തിൽ ഇന്ത്യ അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പമെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണ ബിൽ ചരിത്ര പരം
സാമ്പത്തിക സംവരണ ബിൽ പാസ്സാക്കാൻ കഴിഞ്ഞത് ചരിത്രപരമാണ്. ഏറെക്കാലമായി ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യമായിരുന്ന ബില്ല് നടപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നു. ഇത് രാജ്യത്തിന്‍റെ സമഗ്ര പുരോഗതിക്ക് വഴിവയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. 2022 ഓടെ രാജ്യത്തെ എല്ലാവർക്കും ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. 40 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ സഹായകരമാകും.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും
നിയമപരായി തന്നെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും അക്കാര്യത്തിൽ പിന്നോട്ട് പോകില്ലെന്നും അമിത് ഷാ പറഞ്ഞു. അയോദ്ധ്യകേസിന്‍റെ നടപടിക്രമങ്ങൾ മന്ദഗതിയിലാക്കാൻ കോൺഗ്രസ്സ് ശ്രമിച്ചു. അയോദ്ധ്യാവിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
India Regional News Desk,
Sibin P.S Regional Head – Biz Dev & Ops