മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി. നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 30 ആയി.
കവളപ്പാറയില്‍ ഇന്ന് ശക്തമായ മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇന്നലെ രാത്രി മുതല്‍ മഴപെയ്യുന്നത് കൊണ്ട് മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് തെരച്ചില്‍ കുറച്ച് നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. എങ്കിലും കൂടുതല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു.
അതേസമയം, ഉരുള്‍പൊട്ടല്‍ സംഭവിച്ചതിന് ശേഷം ആറാം ദിവസവും പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ഇതുവരെ പതിനേഴുപേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ പത്ത് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയത്. ബാക്കിയുള്ള ഏഴ് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
