വെല്ലിങ്ടൺ: ആദ്യ മൂന്ന് ഏകദിനത്തിൽ ആധികാരിക ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് നാലാം മത്സരത്തിലും എട്ട് വിക്കറ്റിന്‍റെ ദയനീയ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ട്രെൻഡ് ബോൾട്ടിന്‍റെ മാരക ബൗളിംഗിന് മുന്നിൽ കാലിടറിയപ്പോൾ 30.5 ഓവറിൽ വെറും 92 റൺസ് ടീം പുറത്ത്. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ്, 212 പന്ത് ശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
വിശ്രമം ലഭിച്ച കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ രോഹിത് ശർമ്മയാണ് ടീമിനെനയിച്ചത്. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ധോണിക്ക് പകരം ദിനേശ് കാർത്തിക്ക് തന്നെയാണ് നാലാം മത്സരത്തിലും വിക്കറ്റ് കാത്തത്. പരമ്പരയിലുടനീളം ഇന്ത്യൻ ബൗളിംഗിന്‍റെ കുന്തമുനയായ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ച് ഖലീൽ അഹമ്മദിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ശുഭ്മാൻ ഗില്ലിന് അരങ്ങേറ്റത്തിന് അവസരം നൽകുക കൂടി ചെയ്തതോടെ തീർത്തും യുവനിരയായി ടീം ഇന്ത്യ. ഇത് സന്ദർശകരുടെ ബാറ്റിംഗിൽ പ്രതിഫലിക്കുകയും ചെയ്തു.
കോഹ്ലിയുടെ മികവും, ധോണിയുടെ പരിചയസമ്പത്തും ഇല്ലാതെ ഇറങ്ങിയ ഇന്ത്യൻ താരങ്ങൾ ബൗൺസും സ്വിംഗുമുള്ള പിച്ചിൽ ശിശുക്കളായി. ശിഖർ ധവാനും (13) 200ാം മത്സരം കളിച്ച രോഹിത് ശർമ്മയും (7) വേഗത്തിൽ പുറത്തായതോടെ തുടക്കത്തിൽ തന്നെ മത്സരഗതി ഏറെക്കുറേ വ്യക്തമായി. അംപാട്ടി റായിഡുവിനും ദിനേശ് കാർത്തിക്കിനും സ്കോർ ബോർഡ് തുറക്കാനും കഴിഞ്ഞില്ല. ശുഭ്മാൻ ഗില്ലിന്‍റെ അരങ്ങേറ്റ ഇന്നിംഗ്സ് 9 റൺസിൽ അവസാനിച്ചതോടെ ഇന്ത്യയുടെ സ്കോർ 33ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. കേദാർ ജാദവും (1) ഭുവനേശ്വർ കുമാറും (1) അൽഭുതങ്ങളൊന്നും കാട്ടിയില്ല, ഇന്ത്യയുടെ സ്കോർ – 40ന് 7. ഏറ്റവും ചെറിയ സ്കോറിന്‍റെ റെക്കോഡ് തിരുത്തപ്പെടുമോ എന്ന് സംശയിച്ചവേളയിലാണ് ഹർദ്ദിക് പാണ്ഡ്യയും (16) കുൽദീപ് യാദവും (15) യുസ്‍വേന്ദ്ര ചാഹലും (പുറത്താകാതെ 18 റൺസ്) എന്നിവരുടെ ചെറുത്ത് നിൽപ്പ് ഇന്ത്യയുടെ സ്കോർ 92ൽ എത്തിച്ചത്. 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബോൾട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഗ്രാൻഹോമിന് മൂന്ന് വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഹെൻറി നിക്കോൾസ് പുറത്താകാതെ 30 റൺസെടുത്തു. ഭുവനേശ്വർ കുമാറാണ് ആതിഥേയരുടെ രണ്ട് വിക്കറ്റും വീഴ്ത്തിയത്. ട്രെന്‍റ് ബോൾട്ടാണ് പ്ളേയർ ഓഫ് ദ മാച്ച്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഞായറാഴ്ച വെല്ലിങ്ടണിൽ നടക്കും.
