ന്യൂഡല്‍ഹി: രാജ്യത്ത‌് ജൂണില്‍ മഴയുടെ ലഭ്യത 35 ശതമാനം കുറഞ്ഞു. സാധാരണ 144.3 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന കാലയളവില്‍ ഇത്തവണ 92.4 മില്ലിമീറ്റര്‍ മാത്രമാണ‌് കിട്ടിയതെന്ന‌് കാലാവസ്ഥ നിരീഷണ കേന്ദ്രം. ഉഷ്ണതരംഗം അനുഭവപ്പെട്ട മധ്യ-വടക്ക‌് മേഖലയില്‍ മഴ കാര്യമായി പെയ‌്തിട്ടില്ല. സാധാരണനിലയിലുള്ള മഴ കിട്ടാത്തത‌് ഖാരിഫ‌് കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ‌് കര്‍ഷകര്‍. കിഴക്കന്‍ ഉത്തര്‍പ്രദേശ‌്, ഉത്തരാഖണ്ഡ‌് മേഖലകളില്‍നിന്നും വളരെ സാവധാനമാണ‌് മണ്‍സൂണ്‍ വടക്ക‌് പടിഞ്ഞാറന്‍ മേഖലയിലേക്ക‌് നീങ്ങുന്നത‌്. ഡല്‍ഹിയില്‍ ജൂലൈ മൂന്നോടെ മഴ എത്തിയേക്കും. അതുവരെ കടുത്ത ചൂട‌് തുടരും.
മഹാരാഷ‌്ട്രയില്‍ എല്ലാ ഭാഗത്തേക്കും മഴയെത്തിയെങ്കിലും 54 ശതമാനം കുറഞ്ഞു. വരള്‍ച്ച ഏറ്റവും രുക്ഷമായ വിദര്‍ഭ മേഖലയില്‍ 69 ശതമാനമാണ‌് മഴക്കുറവ‌്. രാജ്യത്തെ 36 ഉപമേഖലകളില്‍ 29 ലും മഴക്കുറവ‌് 20 ശതമാനത്തിലേറെയാണ‌്. മധ്യപ്രദേശ‌്, ഉത്തര്‍പ്രദേശ‌് ഉപമേഖലകളില്‍ ഇത‌് 60 ശതമാനത്തിന‌് മുകളിലാണ‌്. വടക്കന്‍ കര്‍ണാടകം, ലക്ഷദ്വീപ‌് തുടങ്ങിയ അഞ്ച‌് ഉപമേഖലകളില്‍ മാത്രമാണ‌് സാധാരണനിലയിലുള്ള മഴ ലഭിച്ചത‌്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ മേഖലയിലും സാമാന്യം നല്ല മഴ ലഭിച്ചു. വെള്ളിയാഴ‌്ചയോടെ ഇതിന്റെ തോത‌് കുറയുമെന്ന‌് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
WhatsApp us