ഡൽഹി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ മാർച്ച് ഒന്നിന് ഇസ്‌ലാമിക് കോ ഓപ്പറേഷൻ സംഘടിപ്പിക്കുന്ന 46 മത് ലോക വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യക്ക് വിശിഷ്ടാതിഥി രാഷ്ട്രമാവാൻ ക്ഷണം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ഇസ്‌ലാമിക രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പ്രധാന ചർച്ചാ വിഷയമാവും.
‘അൻപത് വർഷത്തെ ഇസ്‌ലാമിക ഐക്യം – സമൃദ്ധിയിലേക്കും വികസനത്തിലേക്കുള്ള വഴികൾ’ എന്ന വിഷയത്തിലാണ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ സംഘടിപ്പിക്കുന്ന 46 മത് ലോക വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ചർച്ചകൾ നടക്കുക. യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ ഇസ്‌ലാമിക് കോ ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ: യൂസഫ് അൽ ഒതൈമീനും 56 ഓളം രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശകാര്യ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. ഷെയ്ഖ് അബ്ദുല്ല ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അയച്ച ക്ഷണക്കത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശവും ലഭിച്ചു. ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ സമ്മേളനം കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ 185 ദശലക്ഷം മുസ്ലീങ്ങൾക്കുള്ള അംഗീകാരമായും ഇസ്‌ലാമിക ലോകത്തിന് ഇന്ത്യയുടെ സംഭാവനയായും ഈ ക്ഷണത്തെയും ഇന്ത്യയുടെ പങ്കാളിത്തത്തെയും നോക്കിക്കാണുന്നതായും യു.എ.ഇ ഭരണാധികാരികൾക്കുള്ള നന്ദിയും അറിയിക്കുന്നതായും മറുപടി സന്ദേശത്തിൽ വ്യക്തമാക്കി.