തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന്. പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്ത് ശ്രീലകത്ത് കതിരുകള്‍ നിറയ്ക്കുന്നതാണ് ഇല്ലം നിറ. തുടര്‍ന്ന് കതിരുകള്‍ ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യും. രാവിലെ 9. 30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇല്ലംനിറ ചടങ്ങുകളുടെ ഭാഗമായി രാവിലെ ഏഴരയ്ക്ക് പന്തീരടി പൂജയ്ക്ക് ശേഷം ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല. ചടങ്ങുകള്‍ക്ക് ശേഷം പത്തരയോടെ ദര്‍ശനം പുനരാരംഭിക്കും.
ഇല്ലം നിറ ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പാരമ്പര്യ അവകാശികളായ കുടുംബങ്ങളും കര്‍ഷകരും കതിര്‍കറ്റകള്‍ ക്ഷേത്രത്തില്‍ എത്തിച്ചു. ഏതാണ്ട് അറുന്നൂറോളം കതിര്‍ കറ്റകളാണ് കിഴക്കേ ഗോപുരനടയില്‍ എത്തിച്ചിട്ടുള്ളത്. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരത്തിന് മുന്നില്‍ സമര്‍പ്പിക്കും.
ഭഗവാന് നിവേദിച്ച കതിരുകള്‍ വീടുകളിലും സ്ഥാപനങ്ങളിലും വെയ്ക്കുന്നത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.
WhatsApp us