ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന കാര്യം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് യുഎസ്. കശ്മീരിന്റെ പദവി എടുത്തുകളയുന്നതിനു മുന്‍പ് ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നു എന്ന തരത്തിലുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനാലാണു പ്രതികരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ യുഎസിനെ അറിയിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് അറിയിച്ചു. ബുധനാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ചര്‍ച്ച ചെയ്തിരുന്നതായി ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്കോക്കില്‍ ഓഗസ്റ്റ് ഒന്നിന്ന് നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ ഇരുവരും കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്തെന്നായിരുന്നു വിവരം. പുല്‍വാമ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തള്ളിയാണ് യുഎസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള നീക്കം പാകിസ്ഥാന് മുന്‍കൂട്ടി അറിഞ്ഞുവെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ നീക്കം വ്യക്തമാക്കി പാക്ക് വിദേശകാര്യമന്ത്രി ഈ മാസം ഒന്നിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കത്തെഴുതിയെന്ന് പാകിസ്ഥാന് അവകാശപ്പെട്ടിരുന്നു.
