അഹമ്മദാബാദ്: ലോകത്തിലെ മഹത്തരങ്ങളായ സ്ഥലങ്ങളില്‍ ഗുജറാത്തിലെ പട്ടേല്‍ പ്രതിമയും. ടൈം മാഗസിനാണ് സ്‌റ്റാച്യു ഒഫ് യൂണിറ്റി എന്നറിയപ്പെടുന്ന പട്ടേല്‍ പ്രതിമയെ ലോകത്തിലെ മഹത്തരങ്ങളായ 100 സ്ഥലങ്ങളുടെ പട്ടികയില്‍ (2019) ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയെ അറിയിച്ചത്. ശ്രേഷ്‌ഠകരമായ വാര്‍ത്തയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഏറെ ജനപ്രീതിയുള്ള ടൂറിസ്‌റ്റ് കേന്ദ്രമായി സ്‌റ്റാച്യു ഒഫ് യൂണിറ്റി മാറിയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും കുറിപ്പില്‍ മോദി കൂട്ടിച്ചേര്‍ത്തു.
182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപില്‍ ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മാരകം ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് ഐക്യ പ്രതിമ എന്നറിയപ്പെടുന്ന സ്‌റ്റാച്യു ഒഫ് യൂണിറ്റി. 2013ല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണ് പ്രതിമയ്‌ക്ക് തറക്കല്ലിട്ടത്.
പ്രമുഖ ശില്‍പി റാം വി.സുതറാണ് ശില്‍പത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. 33,000 ടണ്‍ ഉരുക്ക് പ്രതിമാ നിര്‍മ്മാണത്തിനായി ഉപയോഗിക്കുകയുണ്ടായി. 3000 കോടി രൂപയായിരുന്നു പദ്ധതിയുടെ ചെലവ്.
WhatsApp us