മഹാരാഷ്ട്രയിലെ ആരേ കോളനിയില്‍ നിന്ന് ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. മെട്രോ കാര്‍ ഷെഡ്‌ഡിനായി മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നതിനെതിരെ നിയമ വിദ്യാര്‍ത്ഥി ഋഷഭ് രഞ്ജന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം വ്യക്തമാക്കിയത്. ഹര്‍ജി വനം-പരിസ്ഥിതി കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്ക് വിട്ടു. പൂജ അവധിയ്ക്ക് ശേഷം ഒക്ടോബര്‍ 21ന് കേസ് പരിഗണിക്കും.
മുറിക്കേണ്ട മരങ്ങള്‍ മുറിച്ചെന്നും ഇനി മുറിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചു. നിയമവിധെയമായിട്ടാണോ മരങ്ങള്‍ മരിച്ചതെന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു.
