ന്യൂഡല്‍ഹി: സൈനികകേന്ദ്രത്തിലെ അഴിച്ചുപണികളുടെ ഭാഗമായി കരസേന ആസ്ഥാനത്ത് പ്രത്യേക വിജിലന്‍സ്, മനുഷ്യാവകാശ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകരിച്ചു.
സൈന്യത്തെ പുന:സംഘടിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനും കരസേന നടത്തിയ നാല് പഠനങ്ങളിലെ ശുപാര്‍ശകളാണ് നടപ്പാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഉത്തരവ് പ്രകാരമാണ് പഠനങ്ങള്‍ നടത്തിയത്. കരസേന ആസ്ഥാനത്തിന്റെ പുന:സംഘടന, ബാറ്റില്‍ ഗ്രൂപ്പ് രൂപീകരണം, ജെ.സി.ഒ, ഓഫിസിര്മാരുടെ കേഡര്‍ റിവ്യൂ എന്നിവ സംബന്ധിച്ച പഠനങ്ങളാണ് നടത്തിയത്.
പുതിയ പരിഷ്കരണ പ്രകാരം ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ നേതൃത്വത്തില്‍ മൂന്ന് സേനകള്‍ക്കും പ്രാതിനിധ്യമുള്ള പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിക്കും. നിലവില്‍ വിജിലന്‍സ് കേസുകള്‍ വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും കേസുകള്‍ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ വിജിലന്‍സ് അഡിഷണല്‍ ഡയറക്ടര്‍ ജനറലും കര, വ്യോമ, നാവിക സേനകളില്‍ നിന്നും കേണല്‍ റാങ്കിലുള്ള ഒരു അംഗവും സെല്ലില്‍ ഉണ്ടായിരിക്കും.
സേനയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനായി വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗം രൂപീകരിക്കും. മേജര്‍ റാങ്കിലുള്ള ഓഫീസറായിരിക്കും അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍. കേസുകളുടെ അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ എസ്.എസ്.പി / എസ്.പി റാങ്കിലുള്ള പോലീസ് ഓഫീസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കും.
ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനായി 206 ഉദ്യോഗസ്ഥരെ ഫീല്‍ഡ് യൂണിറ്റുകളിലേക്ക് തിരിച്ചയക്കാനും തീരുമാനിച്ചിട്ടുണ്ട്.
WhatsApp us