മകന് കൊടുക്കാനായി ഭര്‍ത്താവ് നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ മുത്തലാഖ് ചൊല്ലി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂണിഷായാണ് ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.
മകന് കൊടുക്കാനായി വാങ്ങിയ കാരംബോര്‍ഡ് ഷബ്രൂണിഷാ സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഷക്കീല്‍ മുത്തലാഖ് ചൊല്ലിയത്. നേരത്തെ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഷക്കീല്‍ അഹമ്മദിനെതിരേ ഷബ്രൂണിഷാ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിചാരണ കഴിഞ്ഞ് മടങ്ങവെയാണ് ഇയാള്‍ മകന് കൊടുക്കാനായി കാരംബോര്‍ഡ് വാങ്ങിയത്.
എന്നാല്‍ യുവതി ഇത് വാങ്ങാന്‍ തയ്യാറായില്ല. ഇതില്‍ ക്ഷുഭിതനായാണ് ഷക്കീല്‍ മുത്തലാഖ് ചൊല്ലിയതെന്ന് അന്താ പോലീസ് സ്റ്റേഷനിലെ രൂപ സിങ് പറയുന്നു. ഷബ്രൂണിഷ നിലവില്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തില്‍ ഷക്കീല് അഹമ്മദിനെതിരേ മുത്തലാക് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചതിന് ശേഷം കോട്ടയില്‍ മാത്രമായി റിപ്പോര്‍ട്ടു ചെയ്യുന്ന അഞ്ചാമത്തെ മുത്തലാഖ് കേസാണിത്.
