ഡൽഹി: ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് ലോകകപ്പ് ഷൂട്ടിംഗിൽ ലോക റെക്കോഡ് പ്രകടനത്തോടെ സ്വർണം. 10 മീറ്‍റർ എയർ പിസ്‍റ്‍റലിലാണ് 16 കാരനായ സൗരഭിന്‍റെ ഉജ്ജ്വല പ്രകടനം. യൂത്ത് ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ജേതാവായ സൗരഭ് 245 പോയിന്‍റോടെയാണ് സ്വർണം സ്വന്തമാക്കിയത്.
ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ എതിരാളികള്‍ക്കുമേല്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു സൗരഭിന്റെ വിജയം. അവസാന ഷോട്ടിന് മുൻപ് തന്നെ സ്വർണ്ണം ഉറപ്പിച്ച സൗരഭ്, ടോക്യോ ഓളിമ്പിക്സിനുള്ള യോഗ്യതയും നേടി. ഈ ഇനത്തിലെ ജൂനിയർ ലോക റെക്കോഡും സൗരഭിന്‍റെ പേരിലാണ്.
ഡൽഹിയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ നേടുന്ന രണ്ടാം സ്വർണമാണിത്. വനിതകളുടെ 10 മീറ്‍റർ എയർ റൈഫിളിൽ അപൂർവി ചണ്ഡേല സ്വർണം നേടിയിരുന്നു.
