മലപ്പുറം: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ച കോട്ടക്കുന്നില്‍ അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ തുടര്‍ന്നാല്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത തള്ളികളയാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അപകടമുണ്ടായ കോട്ടക്കുന്നില്‍ ജിയോളജി- റവന്യു വിഭാഗം പരിശോധന നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കുന്നിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും പ്രദേശത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി കോട്ടക്കുന്നിന്റെ രണ്ട് ഭാഗങ്ങളിലായുള്ള നാല്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നഗരസഭ അനുമതിയില്ലാത്ത നിരവധി കെട്ടിടങ്ങള്‍ മേഖലയിലുള്ളതിനാല്‍ അവ പൊളിച്ചുമാറ്റുമെന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല അറിയിച്ചു.
WhatsApp us