തലശ്ശേരി: കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവപ്പ് ട്രൗസര്‍ കുടഞ്ഞത് അപകടമാണെന്ന് കരുതി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പൊടുന്നനെ നിര്‍ത്തി. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍ എടക്കാട് വെച്ചാണ് സംഭവം. 12.15ന് എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് അഞ്ച് മിനിറ്റിലേറെ എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തേണ്ടി വന്നത്.
വീട്ടില്‍ അറിയാതെ സ്റ്റേഷന് സമീപമുള്ള കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍. പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്തുള്ള മരപ്പൊത്തിലാണ് ഇവര്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചത്. കുളിക്കഴിഞ്ഞ് എത്തി വസ്ത്രം മാറുന്നതിനിടെയില്‍ ഒരാള്‍ ചുവന്ന നിറത്തിലുള്ള ട്രൗസര്‍ കൈയിലെടുത്ത് കുടയുന്നതിനിടെയാണ് ട്രെയിന്‍ വന്നത്.
ചുവപ്പ് തുണി ഉയര്‍ത്തുന്നത് കണ്ട് അപകട സൂചനയാണെന്ന് തെറ്റിധരിച്ച ലോക്കോ പൈലറ്റ് ട്രെയിന്‍ പൊടുന്നനെ നിര്‍ത്തി. ട്രെയിന്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടികളോട് വിവരം തിരക്കിയതോടെയാണ് തെറ്റിദ്ധാരണ നീങ്ങിയത്.
ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ കുട്ടികളുമായി സംസാരിച്ച് സംഭവം വ്യക്തമായതിന് ശേഷം കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്തിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് കുട്ടികളെയും രക്ഷിതാക്കളേയും ബോധ്യപ്പെടുത്തിയ ശേഷം വിട്ടയച്ചു.
