വയനാട് :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലേര്‍ട്ട് ഇല്ല. 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മഴയും കണക്കിലെടുത്ത് ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ,തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗണവാടി,മദ്രസ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
അതേസമയം മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും.
19 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് ലഭിച്ചത്. അപകടത്തില്‍പ്പെട്ട നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.
പുത്തുമലയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസം നടക്കുന്ന രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കൂടുതല്‍ യന്ത്രങ്ങളും വാഹനങ്ങളും ഉള്‍പ്പെടുത്തി ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തെ മണ്ണും ചെളിയും നീക്കല്‍ തുടരാന്‍ തന്നെയാണ് തീരുമാനം.
7 പേരെ ഇനിയും ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ആലപ്പുഴ ,എറണാകുളം ,ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
