ഡൽഹി: അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല എന്നത് ബജറ്റിലെ ഏറ്റവും ശ്രദ്ധേയ പ്രഖ്യാപനമായി.. നിലവില്‍ 2.50 ലക്ഷം വരെയുള്ളവര്‍ക്കായിരുന്നു ഈ ആനുകൂല്യം.
ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. അതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതിവരില്ല.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ഇതിന്‍റെ ഗുണം മൂന്നുകോടി ജനങ്ങള്‍ക്ക് ലഭിക്കും.
ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.
നോട്ടു നിരോധനം ഖജനാവിലേക്ക് 1.3 ലക്ഷം കോടിയുടെ നികുതി വരുമാനമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ഒരു കോടിയിലധികം പുതിയ നികുതി ദായകരാണ് രാജ്യത്തുണ്ടായതെന്നും ബജറ്റ് പ്രസംഗത്തില്‍ ഗോയല്‍ വ്യക്തമാക്കി.
കള്ളപ്പണത്തിനെതിരെയുള്ള വലിയ നീക്കമായിരുന്നു നോട്ടു നിരോധനം, ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, 3,38,000 ഷെല്‍ കമ്പനികളെയാണ് കണ്ടെത്തിയത്, കള്ളപ്പണത്തിനെതിരെയുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
