ഇന്ത്യയുടെ 70-ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ ബഹ്റൈനിലെ എല്ലാ ഇന്ത്യക്കാർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വേളയിലാണ് നമ്മൾ 70-ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നത്. ലോക ബാങ്കിന്‍റെ റപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിയുടെ വാണിജ്യ നിലവാരത്തിൽ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വാണിജ്യ ഇടപാടുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന റാങ്കിംഗിൽ ഒരൊറ്റ വർഷം കൊണ്ട് 23 സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. കൂടാതെ, ബിസിനസ്സ് മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രാജ്യവുമാണ് ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ 53 സ്ഥാനങ്ങളാണ് നമ്മുടെ രാജ്യം മെച്ചപ്പെടുത്തിയത്. സ്വകാര്യ, വിദേശ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും കേന്ദ്ര സർക്കാർ കൈക്കൊണ്ട സമഗ്രമായ ചുവടുവയ്പ്പുകളാണ് ഈ ഗുണപരമായ മാറ്റങ്ങൾക്ക് ആധാരം.
ഒരു രാജ്യം ഒരു വിപണി, ഒരൊറ്റ നികുതി അഥവാ ജി.എസ്.ടി എന്ന വിപ്ളവകരമായ നികുതിപരിഷ്ക്കരണവും വാണിജ്യരംഗത്തെ തർക്കങ്ങൾ സുതാര്യമായും വേഗത്തിലും പരിഹരിക്കുന്നതിന് കൊണ്ടുവന്ന മധ്യസ്ഥ, അനുരഞ്ജന ഭേദഗതി ബില്ലും ഇതിന് ഉദാഹരണമാണ്.
പരമ്പരാഗതമായി ഇന്ത്യയും ബഹ്റൈനും തമ്മിൽ മികച്ച ബന്ധമാണുള്ളത്. അത് കാലം കഴിയുന്തോറും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു. 2018ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹ്യ മേഖലകളിലെ ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഒരു ബില്യൻ ഡോളറിന് മുകളിലാവുകയും ബഹ്റൈനിൽ ഇന്ത്യക്കാരുടെ നിക്ഷേപം വർദ്ധിക്കുകയും ചെയ്തത് ശുഭസൂചകമാണ്. ഇതിനൊപ്പം ഇരു രാജ്യങ്ങളിലേയും വികസനം അതിവേഗം മുന്നോട്ടുപോവുകയുമാണ്. ബഹ്റൈനിൽ സാമ്പത്തിക രംഗത്ത് വൈവിധ്യവത്കരണം സംഭവിക്കുന്നതിനൊപ്പം ഇന്ത്യയിൽ മെയ്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ എന്നീ തനത് പദ്ധതികളിലൂടെ വിപ്ളവകരമായ മാറ്റവും ഉണ്ടാകുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ-ബഹ്റൈൻ ബന്ധം ഇനിയും കൂടുതൽ കരുത്തുറ്റതും വൈവിധ്യമാർന്നതുമാകുമെന്ന് ഉറപ്പിച്ച് പറയാം.
ഈ രാജ്യത്ത് വലിയൊരു ഇന്ത്യൻ സമൂഹമാണുള്ളത്. ബഹ്റൈനുമായുള്ള ഊഷ്മള ബന്ധത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അവരാണ്. ഉഭയകക്ഷിബന്ധം ശക്തമായും ഇളക്കം തട്ടാതെയും നിലനിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക് വളരെ വലുതാണ്. ബഹ്റൈന്‍റെ വളർച്ചയിലും വികസനത്തിലും ഇന്ത്യയുടെ പുരോഗതിയിലും പ്രവാസികൾ നൽകുന്ന വലിയ സംഭാവന ഇരു രാജ്യങ്ങളുടേയും നേതൃത്വങ്ങൾ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ബഹ്റൈനും ഇന്ത്യയ്ക്കും വളർച്ചയും വികസനവും അഭിവൃദ്ധിയും ഉണ്ടാകട്ടേയെന്ന് ആശംസിച്ചുകൊണ്ട് എന്‍റെ വാക്കുകൾ ചുരുക്കുന്നു.
(അലോക് കെ സിൻഹ)
International News Desk, Bahrain
Mr.Sisel Panayil Soman, COO – Middle East
