വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകള്‍ അലെയ്‌ഡ ഗുവേര കണ്ണൂരിലെത്തി. വിവിധ ഇടതുപക്ഷ– സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന സ്വീകരണത്തിലും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലും പങ്കെടുക്കുന്നതിനാണ് അലെയ്‌ഡയുടെ വരവ്. തൃശൂര്‍ സമത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 14 പുസ്‌തകങ്ങളുടെ പ്രകാശനവും അവര്‍ നിര്‍വഹിക്കും. തിരുവനന്തപുരം– മംഗളൂരു എക്‌സ്‌പ്രസില്‍ രാവിലെ എട്ടരയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ അലെയ്‌ഡക്ക് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി. ഒന്നാംപ്ലാറ്റ്‌ഫോമില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ച് ആനയിച്ചത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ടി എ ഉഷാകുമാരി, കണ്‍വീനര്‍ കെ പി സഹദേവന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചും പൂച്ചെണ്ടു നല്‍കിയും സ്വീകരിച്ചു.
വൈകിട്ട് 4.30ന് ടൗണ്‍സ്‌ക്വയറില്‍ ചേരുന്ന സ്വീകരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗവും ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതി കണ്‍വീനറുമായ എം എ ബേബി അധ്യക്ഷനാകും. വൈകിട്ട് നാലിന് എ കെ ജി സ്‌ക്വയറില്‍നിന്ന് വന്‍ ജനാവലി സ്വീകരിച്ച് ടൗണ്‍സ്‌ക്വയറിലേക്ക് ആനയിക്കും.
WhatsApp us