
കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന ഭീകരാക്രമണത്തില്‍ 20പേര് മരണപ്പെട്ടതില്‍ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും ആക്രമണത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതായും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അറബ് റിപ്പബ്ലിക് ജനതയോട് ഇന്ത്യ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നുവെന്നും കെയ്റോയിലെ ഭീകരാക്രമണം അന്താരാഷ്ട്ര തലത്തില്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതായും മന്ത്രാലയം പറഞ്ഞു.
ഓഗസ്റ്റ് 4,5 തീയതികളില്‍ കെയ്റോയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടന്ന ഭീകരാക്രമണത്തില്‍ 20പേര് മരിക്കുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറത്ത് സ്ഫോടകവസ്തുകള്‍ നിറച്ച കാര്‍ മറ്റ് മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക ഇസ്ലാമിക് ഭീകരസംഘടനയായ ഹസം ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
