മൂന്ന് സേനകളുടേയും തലവന്മാരെ ഒരുമിച്ച് കാണുക.അതും മറ്റ് ഔദ്യോഗിക പരിവേഷങ്ങളില്ലാതെ.ഇന്നലെ അത്തരം ഒരു നിമിഷത്തിന്റെ നിര്‍വൃതി ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാധകരുമായി പങ്കുവച്ചു.
‘ നമ്മുടെ അഭിമാനമായ സേനകളെ നയിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ,ജനറല്‍ ബിപിന്‍ റാവത്, അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവര്‍ക്കൊപ്പം.ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’ ഇന്ത്യന്‍ വ്യോമസേനാ ദിനത്തില്‍ ഭാരതസൈന്യത്തിന്റെ മൂന്ന് മേധാവികളെയും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.
ലോകക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെടുന്ന സച്ചിനെ ആദരിക്കുന്നതിനായി വ്യോമസേന 2010ല്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന റാങ്ക് നല്‍കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനടക്കമുള്ളവരെ ആദരിച്ച ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ ചടങ്ങിനിടെയാണ് സേനാ തലവന്മാരുമായുള്ള അനൗപചാരിക കൂടിക്കാഴ്ച നടന്നത്.
വ്യോമസേനാ ദിനത്തിന്റെ ഭാഗമായ ഔപചാരികച്ചടങ്ങില്‍ ഹിന്‍ഡണ്‍ എയര്‍ബേസില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് ബൈസണ്‍ വിമാനം പറത്തി. ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ഫെബ്രുവരി 26ന് നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തിന്റെ ഭാഗമായിരുന്ന എല്ലാ ഫൈറ്റര്‍ പൈലറ്റുമാരും പരേഡില്‍ പങ്കെടുത്തു.
