ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതിയൊഴിഞ്ഞു. 16ാം ലോക്സഭ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഇത്. ലോക്സഭ പിരിച്ചുവിട്ടാല്‍ ഒരു മാസത്തിനകം എംപിമാര്‍ ഔദ്യോഗിക വസതി ഒഴിയണം എന്നാണ് ചട്ടം. ഇത് പാലിച്ചാണ് സുഷമ തന്റെ വീടൊഴിഞ്ഞത്.
‘ഞാന്‍ എന്റെ ഔദ്യോഗിക വസതിയായ ദില്ലി സഫ്‌ദര്‍ജംഗ് ലെയിനിലെ എട്ടാം നമ്ബര്‍ വീട് ഒഴിയുകയാണ്. എന്നെ മുന്‍ ഫോണ്‍ നമ്ബറുകളിലോ, വിലാസത്തിലോ ബന്ധപ്പെടാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക,’ അവര്‍ ട്വീറ്റ് ചെയ്തു.
ഒന്നാം മോദി സര്‍ക്കാരിലെ ജനപ്രിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. ബിജെപി 303 സീറ്റുകളില്‍ വിജയിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല.ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സര രംഗത്തു നിന്ന് പിന്മാറിയിരുന്നു സുഷമ. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖം അവരുടേതായിരുന്നെങ്കിലും 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അവര്‍ തന്നെയാണ് വ്യക്തമാക്കിയിരുന്നത്.
വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് അവര്‍ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. പലപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും അവര്‍ നേടിയിരുന്നു.
WhatsApp us