ന്യൂഡല്‍ഹി: അഞ്ച് മാസം മുന്‍പ് മനുഷ്യക്കടത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ച് മറ്റു രാജ്യങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നെന്നും എന്നാല്‍, എവിടെനിന്നും ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം.
വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബോട്ട് കേരളത്തില്‍നിന്നാണ് പുറപ്പെട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് രവീഷ് കുമാര്‍ പറഞ്ഞു. ബോട്ട് പസഫിക് സമുദ്രത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. മേഖലയിലെ രാജ്യങ്ങളെയെല്ലാം ഇതു സംബന്ധിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്നൊന്നും ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയിലെ മുനമ്ബത്തുനിന്ന് ജനുവരി 12ന് പുലര്‍ച്ചെയാണ് മനുഷ്യക്കടത്ത് നടന്നത്. ദേവമാതാ എന്നു പേരുള്ള സാധാരണ ബോട്ടിലാണ് 80 കുട്ടികള്‍ അടക്കം 243 പേരെ കടല്‍മാര്‍ഗം കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് കേരള പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് സംഘത്തിനുപുറമേ തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഐ.ബി., മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവരൊക്കെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല.
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഇന്‍ഡൊനീഷ്യ, മലേഷ്യ, അള്‍ജീരിയ തുടങ്ങി പലരാജ്യങ്ങളിലും ഇവര്‍ എത്തിയതായി സംശയങ്ങളുയര്‍ന്നിരുന്നു.മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലേക്ക് ഇവരെ കടത്താനുള്ള സാധ്യത പോലീസ് പരിശോധിച്ചു. എന്നാല്‍, ഇവിടങ്ങളിലൊന്നും ഇവരെ കണ്ടെത്താന്‍ കഴിയാതായതോടെ അന്വേഷണം പ്രതിസന്ധിയിലായിരുന്നു.
