കൊച്ചി : ‘ഒറ്റ മഴയല്ലേ പെയ‌്തുള്ളൂ..’ ഞായറാഴ‌്ച വൈകിട്ട‌് തുടങ്ങിയ മഴയില്‍ നഗരം വെള്ളക്കെട്ടിലായതോടെ കൊച്ചി നഗരത്തിലെത്തിയവര്‍ ആദ്യം പറഞ്ഞതിങ്ങനെ. ഗതാഗതക്കുരുക്ക‌് രൂക്ഷമായതോടെ വാഹനങ്ങള്‍ ഇഴഞ്ഞാണ‌് തിങ്കളാഴ‌്ച രാവിലെമുതല്‍ നീങ്ങിയത‌്.
ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ജവഹര്‍ലാല്‍ നെഹ‌്റു സ‌്റ്റേഡിയം പരിസരം, കെഎസ‌്‌ആര്‍ടിസി ബസ‌്സ‌്റ്റാന്‍ഡ‌് പരിസരം, സൗത്ത‌്, വൈറ്റില തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളക്കെട്ടിലായി. ഉച്ചയായപ്പോള്‍ മഴയ‌്ക്ക‌് താല്‍ക്കാലിക ശമനമുണ്ടായെങ്കിലും വാഹനഗതാഗതം താറുമാറായി. ബസുകള്‍ പലതും വൈകിയോടിയത‌് യാത്രക്കാരെ വലച്ചു.
കോര്‍പറേഷന്‍ കാനകള്‍ കൃത്യമായി വൃത്തിയാക്കാത്തതാണ‌് പല സ്ഥലങ്ങളിലും വെള്ളക്കെട്ട‌് രൂക്ഷമാക്കിയത‌്. പല സ്ഥലങ്ങളിലും റോഡുകളുടെ വശങ്ങളില്‍ കാനകള്‍ക്ക‌് മുകളില്‍ ടൈല്‍ വിരിച്ചെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ ചാലുകളില്ലാത്തത‌് പ്രശ‌്നം രൂക്ഷമാക്കി.
ചാലുകളില്ലാത്തതിനാല്‍ പെയ‌്ത വെള്ളം റോഡിലേയക്ക‌് തന്നെയൊഴുകി. ഇടപ്പള്ളി ലുലുമാളിന്റെ മുന്നില്‍നിന്ന‌് പറവൂര്‍ക്ക‌് പോകുന്ന റോഡിലുള്ള ബസ‌്സ‌്റ്റോപ്പ‌് വെള്ളക്കെട്ടിലായി. വളരെ കഷ്ടപ്പെട്ടാണ് ആള്‍ക്കാര്‍ ബസില്‍ കയറിയത‌്. കെഎസ‌്‌ആര്‍ടിസി ബസ്‌സ‌്റ്റാന്‍ഡ‌് മുഴുവനായി വെള്ളക്കെട്ടിലായത‌് ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ വലച്ചു. യാത്രക്കാര്‍ക്ക‌് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ ഇട്ടിരിക്കുന്ന സ്ഥലത്തും സ‌്റ്റാന്‍ഡിനകത്തെ കടകളിലും വെള്ളം കയറി.
വൈറ്റില ജങ‌്ഷനിലെ പല റോഡുകളും വെള്ളക്കെട്ടിലായി. പൊന്നുരുന്നിയില്‍നിന്ന‌് വൈറ്റില ഹബ്ബിലേക്കു പോകുന്ന റോഡില്‍ പൊന്നുരുന്നി അണ്ടര്‍പാസിനു സമീപം വെള്ളക്കെട്ട‌് രൂക്ഷമായി. കാല്‍നടയാത്രികരും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടിയാണ‌് ഈ വഴി കടന്നുപോയത‌്. തമ്മനത്തേക്കും വൈറ്റിലയിലേക്കും പെട്ടെന്ന‌് എത്തിച്ചേരാന്‍ ഉപയോഗിക്കുന്ന കലൂര്‍ സ‌്റ്റേഡിയം റോഡിന്റെ പല ഭാഗവും വെള്ളക്കെട്ടിലായി.
WhatsApp us