മനാമ: തട്ടിപ്പുകാരുടെ ഫോൺവിളികളിൽ കുടുങ്ങരുതെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എംബസ്സിയുടെ ടെലിഫോൺ ലൈനിൽ കടന്നുകൂടി തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. കോളുകൾ എത്തുമ്പോൾ എംബസി നമ്പർ (+973-17560360) പ്രത്യക്ഷപ്പെടുന്നത് തട്ടിപ്പ് എളുപ്പമാക്കുന്നു. മറ്റുചിലർ എംബസ്സി ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംസാരിക്കുന്നത്. ഇവർ ഒന്നുകിൽ ക്രെഡിറ്റ്കാർഡ് വിവരങ്ങളോ അല്ലെങ്കിൽ പാസ്പോർട്ടിലോ, വിസ അപേക്ഷയിലോ പിശകുണ്ടെന്നും അത് പരിഹരിക്കാൻ പണം അടയ്ക്കണമെന്നുമായിരിക്കും ആവശ്യപ്പെടുക. കുഴപ്പങ്ങൾ പരിഹരിച്ചില്ലെങ്കിൽ നാടുകടത്തപ്പെടുകയോ ബഹ്റൈനിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരികയോ ചെയ്യുമെന്നും ഇവർ പറയുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ ഇത്തരത്തിൽ എംബസ്സിയിലെ ഉദ്യോഗസ്ഥർ ഇന്ത്യക്കാരെയോ, വിദേശികളെയോ ടെലിഫോണിൽ ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങൾ ആരായുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകരിൽ നിന്നും കൂടുതലായി എന്തെങ്കിലും രേഖകൾ ആവശ്യമായി വന്നാൽ അത് ഇ-മെയിലിലൂടെ ആവശ്യപ്പെടുകയാണ് ചെയ്യുക. ഇ-മെയിലുകൾ @mea.gov.in എന്ന ഡൊമെയിനിൽ നിന്നുള്ളതായിരിക്കുമെന്നും എംബസ്സിയുടെ അറിയിപ്പിൽ പറയുന്നു.
അത്കൊണ്ടു തന്നെ എംബസ്സിയുടെ പേരിലുള്ള തട്ടിപ്പ് ഫോൺവിളികളിൽ വീഴരുതെന്ന് ഇന്ത്യൻ എംബസ്സി ആവർത്തിച്ചു. ഫോണിലൂടെ ആവശ്യപ്പെടുന്നവർക്ക് വ്യക്തിപരമായ വിവരങ്ങളോ പണമോ നൽകരുതെന്നും എംബസ്സി അറിയിച്ചു. അത്തരം ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങളിൽ അറിയിക്കണമെന്നും എംബസ്സി വൃത്തങ്ങൾ ആവശ്യപ്പെട്ടു.
ഇൻറർനാഷണൽ ന്യൂസ് ഡെസ്ക്, ബഹ്റൈൻ
.International News Desk
Sisel Panayil Soman
COO, IndSamachar, Bahrain
