ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ മറുപടിയുമായി ഇറാന്‍. ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ നയതന്ത്രത്തിന്റെ വാതില്‍ എന്നന്നേക്കും കൊട്ടിയടക്കുന്നതാണ് പ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
വൈറ്റ് ഹൗസ് മാനസിക പ്രശ്‌നത്തിലാണെന്നും ഹസന്‍ റൂഹാനി പറഞ്ഞു. ആയത്തുല്ല ഖുമേനിക്കെതിരായ ഉപരോധ പ്രഖ്യാപനം വിഡ്ഢിത്തരമാണെന്നും അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, 80 കാരനായ ശീഈ നേതാവ് ഒരിക്കലും യു.എസിലേക്ക് യാത്ര പദ്ധതിയിട്ടില്ലാത്ത ഘട്ടത്തില്‍ ഇതൊരു അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആയത്തുല്ല ഖുമേനിക്കും ഓഫിസിനുമാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ ഉത്തരവില്‍ ഒപ്പുവച്ചുവെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഓഫിസ്, അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍, സാമ്ബത്തിക ഉറവിടങ്ങള്‍, പിന്തുണയ്ക്കുന്നവര്‍ തുടങ്ങിയവരെ ഉപരോധം ബാധിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍- യു.എസ് പ്രതിസന്ധി
2015 ഇറാന്‍ ആണവ കരാറില്‍ നിന്ന് യു.എസ് പിന്മാറുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതേത്തുടര്‍ന്ന് ഇറാനെതിരെ യു.എസ് പുതിയ ഉപരോധവും ഏര്‍പ്പെടുത്തി. ഇതോടെ, കരാറിലെ ചട്ടം ലംഘിച്ചുകൊണ്ട് യുറേനിയം ഉല്‍പാദനം ഇറാന്‍ കൂട്ടുകയും ചെയ്തു.
ഇറാന്‍ മറുപടി നല്‍കിയതോടെ മിഡില്‍ ഈസ്റ്റില്‍ യു.എസ് സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും എയര്‍ക്രാഫ്റ്റ് വാഹക കപ്പല്‍ അയക്കുകയും ചെയ്തു. ഇതിനിടെ, യു.എസിന്റെ ആളില്ലാ ചാരവിമാനം ഇറാന്‍ വെടിവച്ചിടുകയും ചെയ്തു.
