ന്യൂഡല്‍ഹി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടു വന്ന ഭക്ഷണം ഉപഭോക്താവ് നിരസിച്ച സംഭവത്തില്‍ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്‌സും രംഗത്ത്. ട്വിറ്ററിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ‘സൊമാറ്റോ, ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്’ – എന്നാണ് ഊബര്‍ ഈറ്റ്‌സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ഭക്ഷണം കൊണ്ടുവന്നു എന്നതിന്റെ പേരില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. ഇതില്‍ തക്കതായ മറുപടിയും സൊമാറ്റോയുടെ സ്ഥാപകന്‍ നല്‍കിയിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ട്രോളുകളും നിറഞ്ഞു കഴിഞ്ഞു.
‘ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി’ എന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി. ഇതിനു പിന്നാലെയാണ് ഊബര്‍ ഈറ്റ്‌സും പിന്തുണയുമായി രംഗത്തെത്തിയത്.
