ഇടുക്കി: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രളയങ്ങളുടെ പശ്ചാത്തലത്തിലും നിലപാടില്‍ മാറ്റമില്ലാതെ ഹൈറേഞ്ച് സംരക്ഷണ സമിതി. ആഗോളതാപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിനുള്ള പ്രധാന കാരണം. മനുഷ്യന്റെ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ് . ഇടുക്കിക്കാരോട് മാധവ് ഗാഡ്ഗില്‍ പകപോക്കുകയാണെന്നും സമിതി ആരോപിച്ചു.
ഇടുക്കിയില്‍ തുടര്‍ച്ചയായി ഉണ്ടായത് സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങളാണ് . ഒരു വര്‍ഷത്തിനിടെ മുന്നൂറോളം ഇടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത് . ദുരന്തങ്ങളില്‍ 60 പേര്‍ക്ക് ജീവന് നഷ്ട്ടപ്പെട്ടു . എന്നാല്‍ ഇവയ്ക്കൊന്നും കാരണം മനുഷ്യ ഇടപെടല്‍ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവര്‍ത്തിച്ചു പറഞ്ഞു . ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണവുമായി സമിതി രംഗത്തുവന്നിരിക്കുന്നത് .
പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല . മാധവ് ഗാഡ്ഗിലിനെതിരെ 2013ല്‍ എടുത്ത നിലപാടില്‍ മാറ്റങ്ങളൊന്നുമില്ല . ഓസ്ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ എന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചോദിക്കുന്നു .
