മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് പരാമര്‍ശിച്ചത്. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള മഠങ്ങള്‍ പൊളിച്ചു നീക്കിയ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ക്ഷേത്ര ഭരണം കാര്യക്ഷമം ആക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പുരാതന കാലത്ത് ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും സ്ഥാപിച്ച മഠങ്ങള്‍ തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് പൊളിച്ചു നീക്കിയിരുന്നു. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട മഠങ്ങള്‍ പൊളിച്ച് നീക്കാമോ എന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു.
