ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ഓര്‍മ്മയായിട്ട് ഇന്ന് ഒരുവര്‍ഷം. രാഷ്ടപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബിജെപിയിലെ
പ്രമുഖ നേതാക്കള്‍ പ്രതിഭാധനനായ നേതാവിന്റെ സ്മാരകത്തില്‍ ആദരമര്‍പ്പിച്ചു. ബിജെപിയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് പുലര്‍ച്ചെയാണ് സദൈവ് അടലില്‍ ആദരമര്‍പ്പിച്ചത്. വാജ്‌പേയുടെ ദത്ത് പുത്രി നമിതാ കൗള്‍ ഭട്ടാചാര്യയും പേരക്കുട്ടി നിഹാരികയും പ്രമുഖ നേതാക്കള്‍ക്കൊപ്പം സ്മാരകത്തില്‍ എത്തിയിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2018 ആഗസ്റ്റ് 16ന് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രീയനേതാവ്, വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്പേയി, 1996 മുതല്‍ 2004 വരെ മൂന്നു പ്രാവശ്യം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1992 ല്‍ രാജ്യം പത്മവിഭൂഷണും, 1993 ല്‍ കാണ്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി-ലിറ്റ് ബിരുദവും,1994 ല്‍ മികച്ച പാര്‍ലമെന്ററിയെനുള്ള അവാര്‍ഡും, 2014 ല്‍ ഭാരത് രത്‌നയും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
