ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഇന്നലെയും ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവകുമാറിനെ ചോദ്യം ചെയ്യുന്നത്. 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതല്‍ രാത്രി 11.30 വരെ നാലര മണിക്കൂറോളം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ശിവകുമാര്‍ ഖാന്‍ മാര്‍ക്കറ്റിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തി. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്. എന്നാല്‍ കണ്ടെടുത്ത പണം എന്റേതാണ്, ഞാന്‍ സമ്ബാദിച്ചതാണ്’. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും ശിവകുമാര്‍ പറഞ്ഞു.
2017 ജൂലായില്‍ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. 8.59 കോടി രൂപ പിടിച്ചെടുത്തു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസെങ്കിലും അതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നത്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് കണക്കുപ്രകാരം 251 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ സമ്ബന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഡി കെ ശിവകുമാര്‍. ഐഎന്‍എക്‌സ് മാക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിനെ അറസ്റ്റ് ചെയ്ത ക്ഷീണം മാറും മുമ്ബേയാണ് കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജറായ ശിവകുമാറിനെയും അധികൃതര്‍ നോട്ടമിട്ടത്.
