ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ ഫ്ലൈറ്റ് കമാന്‍ഡറായി ചുമതലയേറ്റ് ഷാലിസ ധാമി. വ്യോമ സേനയുടെ ഫ്‌ളൈയിങ് യൂണിറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഫ്ലൈറ്റ് കമാന്‍ഡര്‍. ആറ് പേരെ വഹിക്കുന്ന, 500 കിലോഗ്രാം ശേഷിയുള്ള സേനയുടെ ചെറു ഹെലികോപ്റ്റര്‍ ചേതക്കിനെ നിയന്ത്രിക്കാനുള്ള അധികാരം ഇനി ഷാലിസയ്ക്ക് സ്വന്തം. രക്ഷാ ദൗത്യങ്ങള്‍ക്കാണ് പ്രധാനമായും ഈ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്.
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ചേതക്കിന് കഴിയും.ഉത്തര്‍പ്രദേശിലെ ഹിന്തോണ്‍ എയര്‍ബേസിലെ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് ഷാലിസ നിയമിതയായത്. കഴിഞ്ഞ 15 വര്‍ഷമായി വ്യോമസേനയില്‍ സേവനം അനുഷ്ഠിക്കുന്ന ഷാലിസ വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറും ഫ്‌ളൈയിങ് ബ്രാഞ്ചില്‍ പെര്‍മനന്റ് കമ്മീഷനില്‍ പ്രവേശിക്കുന്ന ആദ്യ വനിതയുമാണ്. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്.
