രണാഘട്ട്: ബംഗാളിലെ രണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് ലതാ മങ്കേഷ്‌കറിനെ വെല്ലുന്ന മധുര സ്വരത്തില്‍ പാടി ജനം ഹൃദയം കീഴടക്കിയ രാണു മണ്ഡല്‍ ആണ് ഇപ്പോഴും പലയിടങ്ങളിലെയും ചര്‍ച്ച. നോക്കുവാന്‍ ആരോരും ഇല്ലാതെ കീറപറഞ്ഞ വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടു പാടിയാണ് ഇവര്‍ അന്നം കണ്ടെത്തിയിരുന്നത്.
എന്നാല്‍ ഒരൊറ്റ പാട്ട് കൊണ്ടാണ് രാണുവിന്റെ ജീവിതം അപ്പാടെ മാറിയത്. രാണു പാടിയ പാട്ട് ആരോ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ആ ഗായികയെ ലോകം അറിഞ്ഞത്. എന്നാല്‍ പേരും പ്രശസ്തിയും എല്ലാം വന്നതോടെ ഇവരെ 10 വര്‍ഷം മുന്‍പ് ഉപേക്ഷിച്ചു പോയ മകളും ബന്ധുക്കളുമെല്ലാം തേടിയെത്തിയിരുന്നു. മകളുടെ വരവില്‍ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും മറ്റുമായി വന്നത്. പണം വന്നപ്പോള്‍ മതി അമ്മയെ എന്ന ചോദ്യങ്ങളും അസഭ്യവര്‍ഷങ്ങളും ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാണുവിന്റെ മകള്‍ എലിസബത്ത് സതി റോയ്. അമ്മയ്ക്ക് ലഭിക്കുന്ന ധനസഹായത്തില്‍ പങ്കുചേരാന്‍ വന്നതെന്നാണ് ആളുകള്‍ ആരോപിക്കുന്നത്. എന്നാല്‍ അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഈ മകള്‍ പറയുന്നത്. രാണുവിന്റെ ആദ്യ ഭര്‍ത്താവ് ബാബു മണ്ഡാലില്‍ ഉണ്ടായ മകളാണ് സതി. ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടിയുണ്ട്, രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കളാണ് ഉള്ളത്.
എലിസബത്ത് സതി റോയിയുടെ വാക്കുകള്‍;
മാസങ്ങള്‍ക്ക് മുന്‍പ് ധര്‍മതലയില്‍ വെച്ച് അമ്മയെ കണ്ടിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ലക്ഷ്യമില്ലാതെ ഇരിക്കുന്നത് കണ്ടു. 200 രൂപ കൊടുത്ത് വീട്ടില്‍ പോകാന്‍ പറഞ്ഞു. പറ്റുമ്ബോഴൊക്കെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപ അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ഒരു മകനുണ്ട്. ചെറിയ കട നടത്തുന്നുണ്ട്.
കഷ്ടപ്പെട്ട് ജീവിക്കുകയാണെങ്കിലും അമ്മയെ ഞാന്‍ നോക്കാറുണ്ട്. കൂടെ താമസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ വിസമ്മതിച്ചു. ഇതൊന്നും അറിയാതെയാണ് ആളുകള്‍ എന്നെ കുറ്റപ്പെടുത്തുന്നത്. അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബ് ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. അമ്മയെ കാണാന്‍ വന്നാല്‍ കാലുതല്ലിയൊടിക്കുമെന്ന് അവര്‍ പറഞ്ഞു. ഫോണില്‍ സംസാരിക്കാനും അനുവദിക്കുന്നില്ല.
അമ്മയെ വെച്ച് അവര്‍ പണമുണ്ടാക്കുകയാണ്. ഇപ്പോള്‍ തന്നെ അക്കൗണ്ടില്‍ നിന്ന് പതിനായിരം പിന്‍വലിച്ചു കഴിഞ്ഞു. അമ്മയുടെ സംഗീതത്തിലുള്ള ശ്രദ്ധ പോകരുതെന്ന് കരുതിയാണ് ഞാന്‍ ഒന്നും ചെയ്യാത്തത്.
