തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കാസര്‍കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഴു ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളിലായി 835 പേര് ക്യാമ്പുകളിലുണ്ട്.
വടക്കന്‍ ജില്ലകളില്‍ മഴ തുടരും. ശനിയാഴ്ച പെയ്ത മഴയില്‍ എറണാകുളം ജില്ലയില്‍ ഒരു മരണം. കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ റാഫിയാണ് (14) മുങ്ങി മരിച്ചത്. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.
വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളം മറിഞ്ഞു കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്ത് നിന്നും ബുധനാഴ്ച മത്സ്യബന്ധനത്തിനു കടലില്‍ പോയി കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളള്‍ ഇന്നലെ മടങ്ങിയെത്തി.
ആലപ്പുഴയിലെ രണ്ട് ക്യാമ്പുകളിലായി 199പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്തെ ക്യാമ്പില്‍ 230 പേരാണുള്ളത്. കൊല്ലത്ത് 103 പേരും കോഴിക്കോട് 191 പേരും കാസര്‍കോട് നാല് പേരും ക്യാമ്പുകളിലുണ്ട്്. തൃശ്ശൂരില്‍ രണ്ട് ക്യാമ്പുകളിലായി 16 പേരുണ്ട്. കണ്ണൂരില്‍ രണ്ട് ക്യാമ്പുകളിലായി 85പേരെ മാറ്റി പാര്‍പ്പിച്ചു.
