ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കുന്ന പാകിസ്ഥാന്‍ ഡ്രോണുകളുടെ കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. തന്റെ ട്വീറ്റില്‍ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് പഞ്ചാബ് മുഖ്യമന്ത്രി ഈ അഭ്യര്‍ത്ഥന നടത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള ഇന്ത്യയുടെ തീരുമാനത്തിനോടുള്ള പാകിസ്ഥാന്റെ പ്രതികരണമാണ് ഈ ‘കുടില നീക്കങ്ങളെ’ന്നും അമരീന്ദര്‍ സിംഗ് തന്റെ ട്വീറ്റിലൂടെ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ആയുധങ്ങള്‍ എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്‌ക്കെതിരെയുള്ള അവരുടെ നീക്കങ്ങള്‍ക്ക് പ്രത്യേക മാനം നല്‍കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരവാദ സംഘടനയായ ഖാലിസ്ഥാന്‍ സിന്ദാബാദ് സേനയുടെ ഒരു സെല്‍ പഞ്ചാബ് പൊലീസ് കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഈ അഭ്യര്‍ത്ഥന. പാകിസ്ഥാനും ഒരു ജര്‍മന്‍ ഭീകരവാദ ഗ്രൂപ്പുമാണ് ഖാലിസ്ഥാന്‍ സിന്ദാബാദ് സേനയെ പിന്തുണയ്ക്കുന്നതും അവര്‍ക്ക് സഹായം എത്തിക്കുന്നതും. പഞ്ചാബില്‍ ഉടനീളം ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പദ്ധതിയുള്ളതായി വിവരമുണ്ട്. ഇതിനായാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളും പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐ.എസ്.ഐയും ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളും ചേര്‍ന്ന് ഡ്രോണുകളെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കുന്നത്. പാകിസ്ഥാന്റെ ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യോമസേനയോടും അതിര്‍ത്തി സുരക്ഷാ സേനയോടും പഞ്ചാബ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
WhatsApp us