ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്ബത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ചേര്‍ക്കാതിരിക്കാന്‍ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വ്യവസായിയില്‍ നിന്നും രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായും മൂന്ന് പേരെ സ്ഥലം മാറ്റിയതായും എന്‍ഐഎ വക്താവ് അറിയിച്ചു. നടപടി നേരിട്ടവരില്‍ ഒരാള്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സംഝോത എക്സ്പ്രസ് സ്ഫോടനം ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂനിയര്‍ റാങ്കിലുള്ളവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍. പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ തലവനായ ഹാഫിസ് സയീദ് നടത്തിയിരുന്ന ഫലാഹ്-ഇ-ഇന്‍സാനിയത്ത് എന്ന ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസായിരുന്നു ഇവര്‍ അന്വേഷിച്ചിരുന്നത്. വ്യവസായിയുടെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനായി ഇവര്‍ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.
