വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ്‌സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.
സെപ്തംബറില്‍ രണ്ട് സീറ്റുകളുള്ള RB-OO1 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റാഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുക
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുന്നത്.ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജെറ്റുകളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.
നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. കരാര്‍ അനുസരിച്ച് 2022 ഏപ്രിലോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
