ഇന്ത്യന്‍ വ്യോമസേനയുടെ 87-ാം വ്യോമസേനാ ദിനം ആചരിക്കുന്നതിനിടെ വലിയ പരേഡാണ് ഡല്‍ഹിയില്‍ നടന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ കഴിവും ശക്തിയും വിളിച്ചോതി ഗാസിയാബാദിലെ ഹിന്റണ്‍ വ്യോമതാവളത്തില്‍ വ്യോമസേനാ വാര്‍ഷികാഘോഷം വിപുലമായിത്തന്നെ നടന്നു. തേജസ് പോര്‍വിമാനവും ചിനൂക്, അപ്പാച്ചെ ഹെലികോപ്ടറും അകമ്ബടിയേകിയ പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ നയിച്ചു.
സോവിയറ്റ് കാലത്തെ ഫൈറ്റര്‍ ജെറ്റിന്റെ വികസിത രൂപമാണ് മിഗ് 21 ബൈസണ്‍. ഇതോടൊപ്പം പാകിസ്ഥാന്‍ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട റഷ്യന്‍ നിര്‍മിത സുഖോയ് പോര്‍വിമാനവും വ്യോമാഭ്യാസത്തില്‍ അണിനിരന്നു. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ ഹിന്റണിലെ ഈ പ്രകടനങ്ങള്‍ വായുസേനയുടെ ശക്തിപ്രകടനമായി. ആഘോഷത്തിന്റെ ഭാഗമായി റഷ്യന്‍ നിര്‍മിത രണ്ട് പോര്‍വിമാനങ്ങള്‍ ഹിന്‍ഡണ്‍ എയര്‍ ബേസിന് മുകളിലുള്ള ആകാശത്ത് പറന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ നശിപ്പിച്ചെന്ന് പാകിസ്ഥാന്‍ വീമ്ബിളക്കിയ ‘അവഞ്ചര്‍ 1’ ജെറ്റും ഇന്നലെ പ്രദര്‍ശിപ്പിച്ചു.
ഫെബ്രുവരി 27ന് നടന്ന ഡോഗ്ഫൈറ്റില്‍ സുഖോയ് -30 ആകാശത്ത് നിന്ന് വീണു എന്നായിരുന്നു പാക് വാദം. ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ഭീകരരുടെ ക്യാംപില്‍ ബോംബെറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോഗ്ഫൈറ്റ് നടന്നത്. ഡോഗ് ഫൈറ്റില്‍ അമേരിക്ക നിര്‍മിച്ച എഫ് -16 ഇന്ത്യ വെടിവച്ചിട്ടു. എന്നാല്‍, അന്ന് ഇന്ത്യക്ക് ഒരു മിഗ് -21 നഷ്ടപ്പെട്ടു. എന്നാല്‍, അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ നഷ്ടം നികത്താന്‍ പാകിസ്ഥാന്‍ അന്ന് തയ്യാറാക്കിയ കഥയില്‍ സുഖോയ് -30 വിമാനങ്ങളില്‍ ഒന്ന് നശിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഏറ്റവും ആകര്‍ഷകമായത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിന്റെ ഏറെ നേരം നീണ്ടുനിന്ന പ്രകടനങ്ങളായിരുന്നു. സുഹോയ് ജാഗ്വാര്‍ യുദ്ധവിമാനങ്ങളുടെ പ്രകടനവും ആവേശഭരിതമായിരുന്നു. ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ക്ക് കരഘോഷങ്ങളോടെയായിരുന്നു സ്വീകരണം. വിന്റേജ് വിമാനങ്ങള്‍ക്കൊപ്പം സാരംഗ് ഹെലികോപ്ടര്‍ പ്രകടനവും കൈയടിനേടി. ഇന്ത്യന്‍ വ്യോമസേനയെ കഴിഞ്ഞ 40 വര്‍ഷമായി സേവിക്കുന്ന ദക്കോട്ട ഉള്‍പ്പെടെയുള്ള വിമാനങ്ങളും പ്രകടനങ്ങളില്‍ പങ്കെടുത്തു. 1940 മുതല്‍ 1988 വരെയാണ് ദക്കോട്ട ഡി.സി 3 വിമാനം ഉപയോഗിച്ചിട്ടുള്ളത്.
ഭീകരവാദത്തിന്റെ സ്രഷ്ടാക്കളെ അമര്‍ച്ച ചെയ്യുന്നതില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യമാണു ബാലാകോട്ട് ആക്രമണം തെളിയിക്കുന്നതെന്ന് പരേഡിനെ അഭിസംബോധന ചെയ്ത വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ രാകേഷ്‌കുമാര്‍ സിംഗ് ഭദൗരിയ പറഞ്ഞു. ഭീകരാക്രമണങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ നയം മാറ്റിയതിന്റെ സൂചനയും കൂടിയാണിത്. പാകിസ്ഥാനുള്ളില്‍ ആക്രമണം നടത്താനുള്ള വ്യോമസേനയുടെ കഴിവും ഇതിലൂടെ പ്രകടമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി തദ്ദേശീയമായ യുദ്ധവിമാനങ്ങളും ആയുധങ്ങളും വികസിപ്പിക്കുന്നതില്‍ വ്യോമസേന കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിംഗ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍, അഭിനന്ദന്‍ വര്‍ദ്ധമാന്‍ തുടങ്ങി നിരവധി പേരെ ആദരിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവര്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ വ്യോമസേനയ്ക്ക് ആശംസകള്‍ നേര്‍ന്നു.
